ധർമടത്ത് ഒടുവിൽ തീരുമാനമായി; പിണറായിക്ക് എതിരാളിയാകാൻ സുധാകരനില്ല

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് മത്സരിക്കാൻ ഇല്ലെന്ന് തീർത്തുപറഞ്ഞ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ഡി സി സി പ്രസിഡന്റ് രഘുനാഥ് ധർമടത്ത് യു ഡി എഫ് സ്ഥാനാർഥിയാകും. അവസാന നിമിഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഡി സി സിയുടെ നിലപാട്.

സ്ഥാനാര്‍ഥിയാകാന്‍ സമ്മര്‍ദം ശക്തമാകവെ ധര്‍മ്മടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ സുധാകരന്‍ നേരത്തേ അറിയിച്ചിരുന്നു. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. ഇക്കാര്യം കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം അവസാന ഘട്ടത്തില്‍ കെപിസിസി നേതൃത്വം നടത്തുന്ന ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളില്‍ സുധാകരന്‍ അതൃപ്തനായിരുന്നു. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്, മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.അതേസമയം സ്ഥാനാര്‍ഥിയാകണം എന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. വാളയാർ പെൺകുട്ടികളുടെ അമ്മ ഇവിടെ മത്സരിക്കുന്നുണ്ട്. അവർക്ക് പിന്തുണ നൽകാനുള്ള ചർച്ച യു ഡി എഫിൽ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *